മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പട്ട കമാൽ അഹമ്മദ് അൻസാരിയെ കുറ്റവിമുക്തനാക്കി

At Malayalam
1 Min Read

വധശിക്ഷയ്ക്ക് വിധിക്കപ്പട്ട് ജയിലിൽ കഴിയവെ മരിച്ച കമാൽ അഹമ്മദ് അൻസാരിയെ കോടതി കുറ്റവിമുക്തനാക്കി. 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലാണ് കമാൽ അഹമ്മദ് അൻസാരി കുറ്റവിമുക്തനാക്കപ്പെട്ടത്. അൻസാരി കുറ്റക്കാരനല്ലെന്ന മുംബൈ കോടതി വിധി, അദ്ദേഹത്തിന്റെ ഖബറിടത്തിനരികില്‍ മക്കളും ബന്ധുക്കളും ചേർന്ന് ഇന്നലെ ഉറക്കെ വായിച്ചതും കൗതുകക്കാഴ്ചയായി.

കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയവെ, നാലുവർഷം മുമ്പാണ് കമാൽ അൻസാരി മരിച്ചത്. 16 വർഷമാണ് അദ്ദേഹം ജയിലിൽ കിടന്നത്. 2021 ൽ, കോവിഡ് സമയത്ത്, അദ്ദേഹം നാഗ്പൂർ സെൻട്രൽ ജയിലിൽ വെച്ചാണ് മരണത്തിനു കീഴടങ്ങിയത്.

2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ, 2015 ലാണ് പ്രത്യേക മക്കോക്ക ( മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം ) കോടതി അൻസാരി ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ 2025 ജൂലൈ 21ന് ബോംബെ ഹൈക്കോടതി എല്ലാ ശിക്ഷകളും റദ്ദാക്കുകയും 12 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇവര്‍ കുറ്റക്കാരെന്ന് തെളിയിക്കാന്‍ പോന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി.

ബിഹാറിലെ മധുബാനി സ്വദേശിയായ അൻസാരി 2006 ലാണ് കേസിൽ അറസ്റ്റിലാവുന്നത്. ഭാര്യയും അഞ്ചു കുട്ടികളുമടങ്ങുന്നതായിരുന്നു അൻസാരിയുടെ കുടുംബം. പ്രദേശത്ത് നടത്തിയിരുന്ന ചെറിയ കോഴിയിറച്ചി കടയിൽ നിന്നുള്ള വരുമാനം കൊണ്ടും പച്ചക്കറി വിറ്റുമാണ് കുടുംബം ഉപജീവനം കണ്ടെത്തിയിരുന്നത്.

- Advertisement -

ഞായറാഴ്ച അൻസാരിയുടെ ഖബറിനരികെ ഇളയ സഹോദരൻ ജമാൽ അഹമ്മദ് അടക്കമുള്ളവർ എത്തിയിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് പ്രത്യേക മക്കോക്ക കോടതി കുറ്റവിമുക്തനാക്കിയ കേസിലെ ഏക പ്രതി ഡോ : അബ്ദുൾ വാഹിദ് ഷെയ്ഖും കൂട്ടത്തിൽ ഉണ്ടായിരുന്നു.

Share This Article
Leave a comment