ചെന്നൈയിൽ മേഘവിസ്ഫാടനം ; നഗരത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴ

At Malayalam
1 Min Read

ചെന്നൈയിൽ മേഘവിസ്ഫാടനം. നഗരത്തിന്റെ വടക്കൻ പ്രദേശമായ മണാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലും ചെന്നൈ ന​ഗരത്തിൽ കനത്തമഴയുണ്ടായിരുന്നു. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചു വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാത്രി 10 മുതൽ 12 വരെ ചെന്നൈയിൽ ശക്തമായ മഴ ലഭിച്ചു. വടക്കൻ ചെന്നൈയിൽ അതിശക്തമായ മഴയാണുണ്ടായത്. മണാലി, ന്യൂ മണാലി ടൗൺ, വിംകോ നഗർ എന്നിവിടങ്ങളിൽ യഥാക്രമം 27 സെന്റീമീറ്റർ, 26 സെന്റീമീറ്റർ, 23 സെന്റീമീറ്റർ എന്നിങ്ങനെ അതിശക്തമായ മഴ രേഖപ്പെടുത്തി. മണാലിയിൽ (ഡിവിഷൻ 19) ശനിയാഴ്ച രാത്രി 11 വരെ 106.2 മില്ലിമീറ്റർ മഴയും രാത്രി 11 മുതൽ 12 വരെ 126.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

ഇന്നു പുലർച്ചെയും കനത്ത മഴ പെയ്തതോടെ ബംഗളൂരു, ഡൽഹി, ഫ്രാൻസ്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലെത്തേണ്ടിയിരുന്ന വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാവിലെ കാലാവസ്ഥ തെളിഞ്ഞതോടെ വ്യത്യസ്ത വിമാനങ്ങളിൽ യാത്രക്കാരെ നഗരത്തിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.

ചെന്നൈയിലും സമീപ ജില്ലകളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ / മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisement -
Share This Article
Leave a comment