ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്.
ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.
ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പനവഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ഓഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്. സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും ( ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും ( സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.