കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് വാടകയ്ക്ക് നൽകിയിരുന്ന വീടിനുള്ളിൽ വൻ സ്ഫോടനം നടന്നതായി വിവരം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് (ശനി) പുലർച്ചെ രണ്ടു മണിയോടടുത്താണ് സ്ഫോടനം നടന്നതെന്ന് അയൽവാസികൾ പറയുന്നു. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്ന നിലയിലാണ്. വീട്ടിൽ താമസിച്ചിരുന്നവർക്ക് പരിക്കേറ്റതായും അതിൽ ഒരാൾ മരിച്ചതായും അറിയുന്നു. വീടിനുള്ളിൽ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് അറിയുന്നത്.
ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായതാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കച്ചവടം നടത്തുന്നവരാണ് ഇവരെന്നാണ് പറഞ്ഞതെന്ന് അയൽ വാസികൾ പറഞ്ഞു. അപകട വിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയതായും വിവരമുണ്ട്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ എന്ന് പൊലിസ് പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അയൽപക്കത്തുള്ള നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.