സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തർക്കം ഒഴിവാക്കാനായി പുതിയ ഫോർമുല തയ്യാറാക്കി. കെ എസ് യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡൻ്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡണ്ട് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറി ആക്കാനുമാണ് നിർദേശം.
കെ സി വേണുഗോപാലിന് താല്പര്യമുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയായി ഉയർത്തണമെന്ന് എ ഗ്രൂപ്പ് വച്ച നിർദ്ദേശത്തിൽ പറയുന്നു. എ ഗ്രൂപ്പ് വച്ച ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ചർച്ച ആരംഭിച്ചതായി അറിയുന്നു.
എ ഗ്രൂപ്പ് അവതരിപ്പിച്ച ഫോർമുലയെ രമേശ് ചെന്നിത്തല കെ സി വേണുഗോപാൽ വിഭാഗങ്ങൾ അനുകൂലിക്കുമെന്നാണ് സൂചന. അബിൻ വർക്കിക്ക് രമേശ് ചെന്നിത്തലയുടെയും ബിനു ചുള്ളിയിലിന് കെ സി വേണുഗോപാലിന്റെയും പിന്തുണയുണ്ട്.
എന്തായാലും തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.