സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഇക്കാര്യം കാണിച്ച് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കും. അതിനാൽ നടപടികൾക്ക് കാലതാമസം പാടില്ലെന്നും സർക്കുലറിൽ പറയുന്നു. എല്ലാ മാസവും യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് തീർപ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ഭരണ വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
പല കേസുകളിൽ പ്രതികളായവർ, അഴിമതി കേസുകളിൽ വിജിലൻസ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സർവീസിൽ തുടരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കുള്ള നിർദേശം കൂടിയാണ് ഈ സർക്കുലർ. ക്രിമിനൽ കേസുകൾ, പോക്സോ കേസുകൾ, ലൈംഗികാരോപണ കേസുകൾ തുടങ്ങിയവയിൽ എത്ര സർക്കാർ ജീവനക്കാർ പ്രതികളായിട്ടുണ്ടെന്നും അതിൽ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നൽകേണ്ടതെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.