കാസർഗോഡ് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. ഒരാളുടെ നില അതീവ ഗുരുതരം. അച്ഛനും അമ്മയും ഇവരുടെ രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലിസ് പറയുന്നത്. ഗോപി ( 58 ), ഭാര്യ ഇന്ദിര ( 55 ), മകൻ രജീഷ് ( 37 ) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷ് ( 35 ) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
ഇന്നു (വ്യാഴം) പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയാകാനാണ് സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ ഗോപി അയൽവാസിയായ ഒരാളെ വിളിച്ച് തങ്ങളെല്ലാവരും ആസിഡ് കുടിച്ചുവെന്ന് പറഞ്ഞതോടെയാണ് ആത്മഹത്യ പുറം ലോകമറിയുന്നത്. വിവരമറിഞ്ഞ അയൽവാസി പൊലീസിൽ വിവരമറിയിച്ചിട്ട് അയൽക്കാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മൂന്നു പേർ മരിച്ചു.
രണ്ടു പേരുടെ മൃതദേഹം പരിയാരം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കാസർഗോഡ് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാ. മരിച്ച രജീഷും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന രാകേഷും ജോലിയുള്ളവരാണ്. എന്താണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നതടക്കം അറിയേണ്ടതുണ്ട്.