ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിറകിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ കണ്ട് അറിയിച്ചു. എന്നാൽ അത്തരം വിഷയങ്ങൾ രാഹുൽ തന്നെ പൊതു സമൂഹത്തിനു മുന്നിൽ വിശദീകരിക്കട്ടെ എന്ന നിലപാടാണ് മുതിർന്ന നേതാക്കൾ എടുത്തതും രാഹുലിനോട് ആവശ്യപ്പെട്ടതും. ഇത്തരം വിശദീകരണങ്ങളുമായി പൊതുജന മധ്യത്തിൽ, രാഹുലിനെ സഹായിക്കാൻ തങ്ങളുണ്ടാകില്ലെന്ന നിലപാട് രാഹുലിനോട് ചർച്ചകളിൽ അവർ പറയാതെ പറയുകയായിരുന്നു. മാത്രമല്ല ഗൂഢാലോചന വിഷയത്തിൻ്റെ പിന്നാലെ അന്വേഷണത്തിനൊന്നും പാർട്ടി പോകില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സൂചന നൽകുകയും ചെയ്തു.
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും പാര്‍ലമെന്‍ററി പാര്‍ട്ടിയിലും രാഹുലിന് സസ്പെൻഷൻ നിലവിൽ വന്നതോടെ പങ്കില്ലാതായി. ഉപതെരഞ്ഞെടുപ്പ് എന്ന ദുർഭൂത ഭീതി പിടി മുറുക്കിയതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പു നടന്നാൽ അത് ബി ജെ പിക്ക് നേട്ടമാകും എന്ന ആശങ്ക കോൺഗ്രസിലെ പോലെ സി പി എമ്മിനുള്ളിലും ചർച്ചയായിട്ടുണ്ട്. രാഹുലിൻ്റെ രാജി വിഷയത്തിൽ പാർട്ടി സ്വീകരിച്ച മൃദുസമീപനം ഇതിൻ്റെ പ്രതിഫലനമാണ്. രാഹുൽ ഏതെങ്കിലും സാഹചര്യത്തിൽ രാജിവച്ചാൽ അത് പാലക്കാട്ടെ ബി ജെ പിക്ക് അനുകൂലമാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അപ്പോൾ കേന്ദ്രസർക്കാരും അതിലൂടെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനും കൈയും കെട്ടി നോക്കിയിരിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ സാഹചര്യത്തിൽ പാലക്കാട് പിടിക്കാനായാൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ബി ജെ പിക്ക് വലിയ നേട്ടമാകുമെന്ന് അറിയാത്തവരല്ലല്ലോ കേരളത്തിലേയും കേന്ദ്രത്തിലേയും ബി ജെ പിക്കാർ. രാജിക്കാര്യത്തിൽ കോൺസ് – സി പി എം മൗനത്തിനു പിന്നിൽ ഇതു മാത്രമാണ് കാരണം.