രാഹുൽ മാങ്കൂട്ടത്തിൽ : തീരുമാനം വൈകില്ല അന്തിമ തീരുമാനം രാഹുലിനെ കേട്ട ശേഷം

At Malayalam
1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം അറിയിക്കുന്നത്.

കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പാർട്ടിൽ നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിയില്ലെന്ന് സൂചന നൽകുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ നീക്കം. ആരോപണം ഉന്നയിച്ച ട്രാൻസ്ജണ്ടർ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും പുറത്തുവിട്ടാണ് രാഹുൽ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച ശബ്ദരേഖ അയച്ച് തന്നു. കുടുക്കാൻ ശ്രമമെന്ന് തന്നോട് പറഞ്ഞു എന്നും രാഹുൽ വിശദീകരിച്ചു. എന്നാൽ മാധ്യമ പ്രവര്‍ത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകിയില്ല. പ്രവത്തകർക്ക് താൻ കാരണം തല കുനിക്കേണ്ടി വരില്ലെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. രാജി വെച്ചാല്‍ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്. രാഹുല്‍ ഇന്ന് രാജി വെച്ചാല്‍ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് സമാനമായ രീതിയില്‍ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂര്‍, ഗാസിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കമ്മീഷന്‍ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.

- Advertisement -
Share This Article
Leave a comment