വിവാദം യു ഡി എഫിനെ ബാധിക്കുമെന്ന് ആശങ്ക; രാഹുല്‍ മുസ്‌ലിം ലീഗിൽ അതൃപ്തി

At Malayalam
2 Min Read

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തിയില്‍. ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാടിലാണ്. വിവാദം യു ഡി എഫിനെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തുന്നു. സാഹചര്യത്തിന്റെ വ്യാപ്തി മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗവും വിലയിരുത്തുന്നത്. വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെയ്ക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. എം എല്‍ എ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫുമായി രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. പ്രതിപക്ഷ നേതാവും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം.

രാഹുലിനെ തള്ളുന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും സ്വീകരിച്ചത്. രാഹുലിനെതിരെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോ ഗൗരവതരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വസ്തുത അന്വേഷിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കും. കുറ്റാരോപിതരെ പാര്‍ട്ടി രക്ഷിക്കില്ല. എന്നാല്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണം. ഔദ്യോഗിക പരാതികള്‍ ആരും നല്‍കിയിട്ടില്ല. പാര്‍ട്ടി വിഷയം ഗൗരവത്തില്‍ കാണുന്നു. സദുദ്ദേശത്തോടെയാണ് രാഹുലിനെ പാലക്കാട് നിര്‍ത്തിയത്. ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരട്ടെ എന്നായിരുന്നു തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിലുള്ള പരാതികളൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളാണ്. പലര്‍ക്കും പല അസുഖങ്ങളുണ്ട്. അത് നമുക്ക് എല്ലാവര്‍ക്കും അറിയില്ല. രോഗം പുറത്തു വരുമ്പോഴേ അറിയൂ. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നമ്മുടെ രാഷ്ട്രീയ എതിരാളികള്‍ പോലും ഇങ്ങനെയൊരു സീന്‍ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യും. രാഹുലിന്റെ രാജിയില്‍ പാര്‍ട്ടി നയം സ്വീകരിക്കും. പാര്‍ട്ടി മാതൃകാപരമായ നിലപാട് സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോനകള്‍ നടക്കുന്നുവെന്നാണ് വിവരം. കെ പി സി സി അധ്യക്ഷനുമായി മുതിര്‍ന്ന നേതാക്കള്‍ വിഷയം സംസാരിച്ചുവരികയാണ്. രാഹുലിന്റെ രാജിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടും നിര്‍ണായകമാണ്.

- Advertisement -
Share This Article
Leave a comment