രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്കെതിരായി നിരവധി സ്ത്രീകള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രതികരണം നടത്തി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടത്
കെ പി സി സിയാണെന്നും കേരളത്തിലെ നേതാക്കള്‍ കരുത്തരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ മറ്റു പാര്‍ട്ടികളേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തു. ദാറ്റ്‌സ് ആള്‍ – എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും സ്വന്തം നിലയ്ക്കാണ് രാജിയെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞിരുന്നു.
രാജി ആവശ്യപ്പെടുന്നവര്‍ മുന്‍പ് ഇത്തരം പരാതി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അനുഭവമുള്ളതാണല്ലോ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ സ്വയം രാജിവയ്ക്കുന്നു എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയാണ് എ ഐ സി സി ജനറല്‍സെക്രട്ടറി. വിഷയത്തില്‍ ആദ്യമായാണ് കെ സി വേണുഗോപാല്‍ പ്രതികരിക്കുന്നത്.