കോതമംഗലത്ത് ടി ടി സി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോനയുടെ ആണ്‍സുഹൃത്ത് റമീസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിവാഹം കഴിക്കാനായി മതം മാറാന്‍ റമീസ് നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യു സി കോളജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് ആദ്യം മുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു. ഇതോടെ സോന മതം മാറാന്‍ തയ്യാറായി. അതിനിടെയാണ് മൂന്നു മാസം മുന്‍പ് സോനയുടെ അച്ഛന്‍ എല്‍ദോസിൻ്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. പിന്നാലെ ഒരു വര്‍ഷം കഴിഞ്ഞു മതി വിവാഹമെന്ന് റമീസിന്‍റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ അവർക്ക് അത് സമ്മതമായിരുന്നില്ല. സോന ഉടന്‍ പൊന്നാനിയില്‍ പോയി മതം മാറണമെന്നും റമീസിന്‍റെ വീട്ടില്‍തന്നെ താമസിക്കണമെന്നും പുറത്ത് പോകരുതെന്നും റമീസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിര്‍ബന്ധം പിടിച്ചു. അതിനിടെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയും തർക്കവുമായി.
രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് റമീസ് സോനയെ തന്‍റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതംമാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതംമാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതംമാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. ഒടുവിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ശനിയാഴ്ച വൈകിട്ട് സോന ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പ് സോന റമീസിന്‍റെ മാതാവിനും അയച്ചു കൊടുത്തിരുന്നു. സോനയും റമീസും തമ്മിലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.