അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്നു കാണിച്ച് ലഭിച്ച പരാതിയിൽ കോടതി നിർദേശത്തെ തുടർന്ന് നടി ശ്വേതാ മേനോനെതിരെ പൊലിസ് കേസെടുത്തു.
ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. എറണാകുളം സി ജെ എം കോടതിയുടെ നിർദ്ദേശപ്രകാരാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെന്നാണ് വിവരം.
പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമകളുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നു. വർഷങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്ന് പരിശോധിക്കേണ്ടിയും വരും.