ഈ വർഷത്തെ ഓണാഘോഷത്തിൻ്റെ പ്രത്യേകത വ്യത്യസ്തങ്ങളായ പരിപാടികളാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാവും നടത്തുക. പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്നും മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി നടത്തുന്നതും പരിഗണിക്കും.
നഗരത്തിലെ വൈദ്യുതാലങ്കാരം രാത്രി ഒരു മണി വരെ ജനങ്ങൾക്ക് ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശികൾ എത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിൽ ഒരുക്കും. മാധ്യമങ്ങൾ, വ്‌ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യം സജ്ജീകരിക്കും.
മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാവണമെന്ന് മന്ത്രി ശിവൻകുട്ടിയും പറഞ്ഞു. പ്രത്യേക മീഡിയ സെൽ നേരത്തെ തന്നെ തുടങ്ങും. കേരളീയം പരിപാടിയുടേതിന് സമാനമായ രീതിയിൽ ഫുഡ്‌ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് സ്റ്റാളുകളും ആകർഷകമായ രീതിയിൽ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം വിപണന മേളകളും ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കും.