വയനാട്ടിലെ യൂത്ത് കോൺഗ്രസിൽ മുട്ടനടി. രാഹുൽ മാങ്കൂട്ടത്തിനെതിരെ വാട്സ് ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച പ്രാദേശിക നേതാവടക്കം 14 നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളെ മുഴുവനായും 2 മണ്ഡലം പ്രസിഡൻ്റുമാരേയും സംഘടനയിൽ നിന്നു സസ്പെൻ്റു ചെയ്തതായി അറിയിപ്പു വന്നു. എന്നാൽ സംഘടനയിൽ ഭാരവാഹിത്തം ഉണ്ടായിട്ടും സജീവമല്ലാത്തവരേയും ‘സത്യസേവാ സംഘർഷം’ എന്ന പരിപാടിയിൽ പങ്കെടുക്കാത്തവരേയുമാണ് പുറത്താക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. വയനാട്ടിലെ സംഘടനക്കുള്ളിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ മറനീക്കി പുറത്തു വന്നതാണ് അച്ചടക്ക നടപടിക്കു വഴി വച്ചതെന്നാണ് അറിയുന്നത്.
യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ നിശിത വിമർശനം ഉന്നയിച്ച റോബിൽ ഇലവുങ്കൽ എന്ന പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവാണ് പുറത്തായവരിൽ ഒരാൾ. വാട്സ് ആപ് ഗ്രൂപ്പുകളിൽ റോബിൻ, രാഹുലിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത് വയനാട്ടിൽ സജീവ ചർച്ചാ വിഷയമായിരുന്നു. ഇതിനിടയിലാണ് കൂട്ട സസ്പെൻഷൻ നടപടി ഉണ്ടായത്.