ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചൊഴിഞ്ഞ ജഗദീപ് ധൻകറിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഡെൽഹിയിൽ വീണ്ടും പുകയുന്നു. ജഗദീപിൻ്റെ അപ്രതീക്ഷിത രാജിയിൽ തുടങ്ങിയ വിവാദങ്ങൾക്കൊന്നും സർക്കാരോ ബി ജെ പിയോ കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല. ജഗദീപാകട്ടെ താൻ രാജിക്കത്തിൽ പറഞ്ഞിട്ടുള്ള ആരോഗ്യപരമായ കാരണം എന്ന മട്ടിൽ മൗനത്തിലുമാണ്. വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളിൽ ചർച്ചയോ മറുപടിയോ രാജ്യസഭയിലോ പുറത്തോ നടന്നിട്ടുമില്ല.
ഇതിനിടയിലാണ് പുതിയൊരു വെളിപ്പെടുത്തൽ പുറത്തുവരുന്നത്. അടുത്ത രാഷ്ട്രപതിയായി തന്നെ പരിഗണിക്കണം എന്ന് ജഗദീപ് ബി ജെ പിയിലെ ഉന്നതരോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു എന്നതാണത്. പല പാർട്ടികൾ വഴി ഒടുവിൽ ബി ജെ പിയിൽ എത്തിയ ജഗദീപ് പാർട്ടിയോട് തനിക്കുള്ള കൂറ് പല സന്ദർഭങ്ങളിലും പ്രകടമാക്കിയിട്ടുള്ള നേതാവാണ്. പശ്ചിമ ബംഗാളിൽ ഗവർണറായി എത്തിയതോടെ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കോർത്ത ജഗദീപ്, ബി ജെ പി യുടെ ആഗ്രഹമനുസരിച്ചു തന്നെ അവിടെ പ്രവർത്തിച്ചു. അതിനുള്ള പ്രത്യുപകാരമാണ് ഉപരാഷ്ട്രപതി കസേര എന്നത് ജഗദീപിനും വ്യക്തമായി അറിയാം.
രാജ്യസഭാ അധ്യക്ഷനായിരിക്കുമ്പോഴും കേന്ദ്ര സർക്കാരിൻ്റേയും ബി ജെ പിയുടേയും വക്താവായിരുന്നു അദ്ദേഹം. പ്രതിപക്ഷം വിഷയങ്ങൾ രാജ്യസഭയിൽ ഉന്നയിക്കുമ്പോഴെല്ലാം ജഗദീപിൻ്റെ ഇടപെടലുകൾ അപ്രകാരമായിരുന്നു എന്നത് ഭരണാനുകൂല അംഗങ്ങൾ പോലും രഹസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. അങ്ങനൊരാൾ എങ്ങനെ ഇത്തരത്തിൽ രാജിയിലെത്തി എന്നതാണ് രാജ്യസഭയെ അറിയാവുന്നവരുടെ ചോദ്യം.
അടുത്ത രാഷ്ട്രപതി താൻ തന്നെയല്ലേ എന്ന ജഗദീപിൻ്റെ ചോദ്യത്തിന് ‘നടക്കാത്ത കാര്യം’ എന്ന് ഒരു ഉന്നത നേതാവ് അപ്പോൾ തന്നെ മറുപടി നൽകിയിടത്ത് തുടങ്ങുന്നു സർക്കാരും ജഗദീപും തമ്മിലുള്ള ഉരസൽ എന്നാണ് പുറത്തു വരുന്ന വിവരം. ‘തുടരണ്ട, രാജിയാകും നല്ലത് ‘ എന്ന നിർദേശവും ജഗദീപിനു മുകളിൽ നിന്നു കിട്ടി എന്നും ഡെൽഹിയിൽ ചർച്ചയുണ്ട്.
