ജഗദീപിന് യാത്ര അയപ്പില്ല, വിടവാങ്ങൽ പ്രസംഗമില്ല

At Malayalam
1 Min Read

ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള ജഗദീപ് ധൻകറുടെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. ഉപരാഷ്ട്രപതി രാജിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാജ്യസഭയെ അറിയിച്ചു. രാജിയുടെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ രാജ്യസഭയിൽ ആവശ്യം ഉന്നയിച്ചു. ഉപാധ്യക്ഷൻ ഹരിവംശ് ആകും ഇനി രാജ്യസഭയെ നയിക്കുക.

ജഗദീപ് ധൻകറെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റിട്ടിരുന്നു. നല്ല ആരോഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. എന്നാൽ സ്ഥാനം ഒഴിഞ്ഞ ഉപരാഷ്ട്രപതിക്ക് എന്തു കൊണ്ടാണ് ഒരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാത്തതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ഉയർത്തി. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച് ചെയ്യാനുള്ള നോട്ടിസിൽ ജഗദീപിൻ്റെ നീക്കങ്ങൾ കേന്ദ്ര സർക്കാരിന് അത്ര ഇഷ്ടമായിരുന്നില്ല. ഇക്കാര്യം രാജിയിലേക്ക് നയിച്ചതായി അഭിപ്രായമുണ്ട്.

2027 വരെ ഉപരാഷ്ട്രപതിയായി തുടരാൻ കാലാവധി ഉണ്ടായിരുന്ന ജഗദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജി ഉന്നത കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇടക്കിടക്ക് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ രാജിക്ക് ഇക്കാര്യങ്ങൾ മാത്രമല്ല ഉള്ളതെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.

Share This Article
Leave a comment