ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജി സർക്കാരിലും ബി ജെ പി യിലും അസ്വസ്ഥത പടർത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ രാജി വയ്ക്കുന്നതെന്ന് ഉപരാഷ്ട്രപതിയുടെ കത്തിൽ പറയുന്നുണ്ടെങ്കിലും അത് ഒരു കാരണമേ അല്ലെന്നാണ് പുറത്തു വരുന്ന ചർച്ചകൾ. സർക്കാരുമായും ചില മുതിർന്ന ബി ജെ പി നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിക്ക് കാരണമായതെന്നാണ് പറയുന്നത്. ആർക്കും ഒരു സൂചനയും നൽകാതെ രാജിവയ്ക്കുന്ന ദിവസവും പതിവു പോലെ ഒഫിസിലും രാജ്യസഭയിലും എത്തി സജീവമായിരുന്നു അദ്ദേഹം. ഏറ്റവും അടുപ്പമുള്ള പ്രധാന ഉദ്യോഗസ്ഥരും ജീവനക്കാരും പോലും ഞെട്ടലോടെയാണ് രാജിക്കാര്യം കേട്ടത് എന്നതിൽ നിന്നും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.
രാജസ്ഥാനിലെ ഒരു ജാട്ട് കർഷക കുടുംബത്തിൽ പിറന്ന ജഗദീപ് ഹൈക്കോടതിയും സുപ്രിം കോടതിയിലും അഭിഭാഷകനായിരിക്കെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. ജനതാദളിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1989 ൽ ആദ്യമായി ലോക്‌സഭയിൽ, 1990 ൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ പാരലമെൻ്ററികാര്യത്തിൻ്റ ചുമതലയുള്ള സഹമന്ത്രിയുമായി. ചന്ദ്രശേഖർ മന്ത്രിസഭ നിലം പൊത്തിയപ്പോൾ നേരേ കോൺഗ്രസിലേക്ക്. അജ്മേറിൽ കോൺഗ്രസ് സീറ്റു കൊടുത്തെങ്കിലും പരാജയപ്പെട്ടു. വീണ്ടും ഒരു തവണ കൂടി ജയിച്ചു കയറിയെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും പരാജയം.
2003 ൽ ബി ജെ പി യിൽ ചേക്കേറിയ ജഗദീപ് 2019 ൽ പശ്ചിമ ബംഗാളിൽ ഗവർണറായി നിയമിതനായി. മുഖ്യമന്ത്രി മമതാ ബാനർജിയുമായി തുറന്ന യുദ്ധം. 2022 ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് നേരത്തേ വി വി ഗിരിയും ആർ വെങ്കട്ടരാമനും രാജിവച്ച ചരിത്രവും ഇന്ത്യയിലുണ്ട്. ഇപ്പോൾ ആ കൂട്ടത്തിൽ ജഗദീപും ചേരുന്നു.
അടുത്ത ഉപരാഷ്ട്രപതി ആരാകും എന്നതിലും ചർച്ചകൾ ഡെൽഹിയിൽ കൊഴുക്കുകയാണ്. കോൺഗ്രസിനോട് പിണങ്ങി നിൽക്കുകയും ഇടയ്ക്കിടെ മോദിയേയും കേന്ദ്ര സർക്കാരിനേയും പുകഴ്ത്തുകയും ചെയ്യുന്ന ശശി തരൂരിൻ്റെ പേരും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. ബി ജെ പി യിലെ ചില മുതിർന്ന നേതാക്കളുടെ പേരും പറഞ്ഞു കേൾക്കുന്നു.
