സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നു. ഇന്ന് ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമയുടെ ഭരണസമിതി യോഗമാണ് ഇന്നു ചേരുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ പാൽ വില വർധിപ്പിക്കണമെന്ന ആവശ്യം ഇതിനോടകം മുന്നോട്ടു വച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഈ ആവശ്യം ഇപ്പോൾ ശക്തമായതോടെയാണ് മിൽമ ഭരണസമിതി, ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്.
കൊഴുപ്പു കൂടിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് ഇപ്പോൾ മിൽമ വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വലിയ വർധന ഉണ്ടാകില്ലെന്ന് പറയുമ്പോഴും 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും പാൽ വില. എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുമുണ്ട്. എന്നാൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിനു മുകളിൽ വർധിപ്പിക്കാതെ പറ്റില്ല. അത്രയും വർധിപ്പിക്കേണ്ടതില്ലെന്നാണ് ഭരണസമിതിയുടെ തീരുമാനം. മൂന്നു വർഷം മുമ്പാണ് മിൽമ സംസ്ഥാനത്ത് പാൽ വില അവസാനമായി വർധിപ്പിച്ചത്.
