ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ഓഫിസിലെത്തി ഒപ്പിട്ട് സിനിമ കണ്ടിരുന്നവരേയും ഒപ്പിട്ട് മുങ്ങാൻ നിന്നവരേയും പൊക്കി സമരക്കാർ. പണി മുടക്കാതെ വന്നതല്ലേ, പണിയെടുത്ത് ഓഫിസ് സമയം കഴിഞ്ഞ് പോയാൽ മതി എന്ന സമരക്കാരുടെ നിർദേശത്തോട് കണ്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥർക്കും യോജിക്കാതിരിക്കാനായില്ല.
ഇടുക്കിയിൽ ഉടുമ്പൻ ചോല താലൂക്ക് ഓഫിസിലെ ചില ജീവനക്കാർ പണിമുടക്കാതെ ഓഫിസിലെത്തി ഒപ്പിട്ടു. ഒപ്പിട്ട സ്ഥിതിക്ക് എന്തായാലും ഒരു സിനിമ കണ്ടേക്കാം എന്നു കരുതി ആസ്വദിച്ച് രസം പിടിച്ച് വന്നപ്പോഴതാ മുദ്രാവാക്യം വിളിയുമായി സമരക്കാരെത്തി. വന്ന സ്ഥിതിക്ക് എണീറ്റ് പണി തുടങ്ങിക്കോ എന്നായി സമരക്കാർ. അനുസരണയോടെ ജീവനക്കാർ പണിയും തുടങ്ങി. തങ്ങൾ ഉച്ചക്കു ശേഷം ലീവാണെന്ന് അറിയിച്ചപ്പോൾ ഇനി ലീവൊന്നും എടുക്കേണ്ടന്നും അഞ്ചു മണി വരെ ജോലി ചെയ്തിട്ട് തിരികെ പോയാൽ മതി എന്നുമായി സമരക്കാർ. ജീവനക്കാർ കൃത്യനിർവഹണത്തിൻ്റെ തിരക്കിലായപ്പോൾ സമരക്കാർ പിൻവാങ്ങി. പക്ഷേ, ഇവരെ നിരീക്ഷിക്കാൻ രണ്ടു പേരെ അവിടെ നിർത്തിയിട്ടേ സമരക്കാർ പോയുള്ളു.
കോഴിക്കോട് ഒപ്പിട്ട ശേഷം പുറത്തിറങ്ങിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു വച്ചു. ഒപ്പിട്ട സ്ഥിതിയ്ക്ക് ജോലി ചെയ്തിട്ട് പോയാൽ മതി എന്നതു തന്നെയായിരുന്നു ആവശ്യം. ബഹളമായി, പൊലിസെത്തി. സമരക്കാരുടെ ആവശ്യം ന്യായമാണന്നു കണ്ട പൊലിസ് ഉദ്യോഗസ്ഥർ ഒപ്പിട്ട ജീവനക്കാർ ഓഫിസിൽ കയറി അഞ്ചു മണിവരെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ജീവനക്കാർ തിരികെ കയറിയ ശേഷമാണ് സമരക്കാർ മടങ്ങിയത്.
