ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞതിൽ ചില പിശകുകൾ സംഭവിച്ചതായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. നാളത്തെ ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി ഭാഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽ ഡി എഫ് കൺവീനർ തള്ളിയത്. പണിമുടക്കിനു നോട്ടീസ് നൽകിയിട്ടുണ്ടെന്നും നാളെ കെ എസ് ആർ ടി സി റോഡിലിറക്കില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
മുൻകൂർ നോട്ടീസ് നൽകിയിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെ എസ് ആർ ടി സി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മന്ത്രിയല്ല മാനേജ്മെന്റ്. മന്ത്രി സർക്കാറിൻ്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നൽകേണ്ടത്. കെ എസ് ആർ ടി സി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏതു കേന്ദ്രത്തിൽ നിന്നാണ് വന്നത് എന്ന് അറിയില്ല. കെ എസ് ആർ ടി സി നാളെ സ്തംഭിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രി അങ്ങനെ പറയരുതെന്നും കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ ആവർത്തിച്ചു. ദേശീയ പണിമുടക്ക് കെ എസ് ആർ ടി സിയെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. നാളെ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിരുന്നു.
യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും കെ എസ് ആർ ടി സി ജീവനക്കാർ സന്തുഷ്ടരാണെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം. നാളെ നടക്കുന്ന പണിമുടക്കിൽ നിന്ന് ബി എം എസ് മാത്രമാണ് വിട്ടുനിൽക്കുന്നത്.
