അമേരിക്കയിലെ മിന്നൽ പ്രളയം ; മരണസംഖ്യ 50 കടന്നു

At Malayalam
2 Min Read


അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 50 കടന്നതായി അധികൃതർ. എന്നാൽ പ്രളയത്തിൽ 51പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 52 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത മറ്റൊരു വിവരവുമുണ്ട്. ഗ്വാഡലൂപ്‌ നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോ​ഗമിക്കുകയാണ്. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ടെക്‌സസ്‌ ഹിൽ കൺട്രി പ്രവിശ്യയിലാണ്‌ മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴ പെയ്തത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ​ഗ്വാഡലൂപ്‌ നദി കരകവിഞ്ഞൊഴുകി. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന്ു മുതൽ ആറുവരെ ഇഞ്ച്‌ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച്‌ (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ്‌ പെയ്‌തത്‌. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത്‌ ആറര ഇഞ്ച്‌ മഴയാണ്. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്‌. പ്രളയ മുന്നറിയിപ്പ്‌ നൽകിയിരുന്നുമില്ല. ഇത് ദുരന്തത്തിൻ്റെ ആഴം കൂട്ടുകയും ചെയ്തു.

ബോട്ടുകൾ, ഹെലികോപ്ടറുകൾ എന്നിവ വഴിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന്‌ ടെക്‌സസ്‌ ഗവർണർ ഗ്രെഗ്‌ എബട്ട്‌ അറിയിച്ചു. ഇതുവരെ 850 പേരെ രക്ഷിച്ചതായി അധികൃതർ പറയുന്നു. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. റോഡുകൾ തകർന്നു. അമേരിക്കയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ്‌ കനത്ത മഴയും പ്രളയവും ഉണ്ടായത്. ഇതോടെ ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന കുട്ടികളെയാണ് കാണാതായത്. റിവർ ടൂറിസം വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനൽക്കാല ക്യാമ്പുകൾ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ഓഫ് ടെക്സസ് ഹിൽ കൺട്രി സി ഇ ഒ ഓസ്റ്റിൻ ഡിക്സൺ പറഞ്ഞു. ഹണ്ടിനും ഇൻഗ്രാമിനും ഇടയിൽ ക്യാമ്പുകൾ നടത്താനായി നിരവധി വീടുകളും ക്യാബിനുകളും ഉണ്ട്. ഇത്തരത്തിൽ ക്യാമ്പുകൾ നടത്തിരുന്ന ഇടത്താണ് ​ദുരന്തമുണ്ടായത്. നേർത്ത മണ്ണും കുത്തനെയുള്ള ഭൂപ്രകൃതിയും കാരണം ദുർബലമായ ഈ പ്രദേശം ഫ്ലാഷ് ഫ്ലഡ് ആലി എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെക്കാലമായി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണിതെന്നും ഓസ്റ്റിൻ ഡിക്സൺ പറയുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment