ഡെൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും നിരോധനം വന്നത് വാഹന ഉടമകൾക്ക് വൻ നഷ്ടമാണ് വരുത്തി വച്ചത്. നടപ്പിലാക്കി രണ്ടാം ദിവസം, സർക്കാർ നിരോധനം പിൻവലിച്ചെങ്കിലും ഇത്തരം വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കാനാണ് ഇപ്പോൾ ഉടമകൾ ശ്രമിക്കുന്നത്. വർധിച്ച അന്തരീക്ഷ മലിനീകരണം തടയുക എന്നതായിരുന്നു നിയമം കൊണ്ടു വന്നപ്പോൾ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ കടുത്ത പ്രതിഷേധമാണ് ഇക്കാര്യത്തിൽ സർക്കാരിന് നേരിടേണ്ടി വന്നത്.
ദേശീയ ഹരിത ട്രൈബ്യൂണൽ 2014 ൽ ഡെൽഹിയിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കുകയും ഇത് സുപ്രിം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. അന്ന് വാഹനങ്ങൾ കണ്ട വിലയ്ക്കു വിറ്റു പോയ കാര്യം ഉടമകൾ ഇപ്പോഴും ഓർക്കുന്നു. 65 ലക്ഷത്തിൽ അധികം വിലയുണ്ടായിരുന്ന ഒരു വർഷം മാത്രം പഴക്കമുള്ള ലാൻഡ് റോവർ ഉടമ വിറ്റത് വെറും എട്ടു ലക്ഷം രൂപക്കായിരുന്നത്രേ. 40 ലക്ഷത്തിൽ അധികം വിലയുള്ള സി ക്ലാസ് സ്പോർട്സ് ലിമിറ്റഡ് എഡിഷൻ നാലു ലക്ഷം രൂപക്കാണ് വിറ്റത്. ഈ വാഹനം വീണ്ടും അഞ്ചു കൊല്ലം കൂടി ഉപയോഗിക്കാമായിരുന്നു.
ഇത്തരത്തിൽ സമാനമായ അനുഭവങ്ങൾ വാഹന ഉടമകളെ നിലവിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിനാൽ തന്നെ കിട്ടിയ വിലയ്ക്ക് അവർ വാഹനങ്ങൾ വിറ്റ് ഒഴിവാക്കുകയാണ്. ഡെൽഹിയിലെ മോട്ടോർ വാഹനവിപണി അതിരൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഉയർന്ന വില്പന നടത്തിയിരുന്ന വലിയ ബ്രാൻ്റ് കാർഷോറൂമുകൾ എല്ലാം തന്നെ അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. ബാറ്ററി വാഹന നിർമാതാക്കളെ സഹായിക്കാനാണ് ഡെൽഹി സർക്കാർ ഇപ്പോൾ അടിയന്തരമായി ഇത്തരമൊരു നീക്കം നടത്തിയതെന്നും ചിലർ വിമർശിക്കുന്നുണ്ട്.