മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം

At Malayalam
1 Min Read

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറിയിച്ചു.

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി സമര്‍പ്പിച്ചിരുന്ന ഹര്‍ജി സംസ്ഥാന കമ്മീഷന്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികള്‍, സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാന്‍ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

മെഡിസെപ്പ് പ്രകാരം ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചില്ലെന്ന, എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ സി ഡി ജോയിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ സര്‍ക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദം ഉയര്‍ത്തിയിരുന്നു.

- Advertisement -

ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷന്‍ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കിയത്.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment