യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാന പഠനക്യാമ്പിൽ രൂക്ഷമായ വാദപ്രതിവാദം. വയനാട്ടിലെ ദുരന്ത ബാധിതർക്ക് വീടുവച്ചു നൽകാൻ പണം പിരിച്ചു നൽകിയിട്ട് ഒരു വീടുപോലും വച്ചു നൽകാൻ ഇതുവരേയും കഴിയാതിരുന്നത് വലിയ മാനക്കേടായതായി പ്രതിനിധികൾ വിളിച്ചു പറഞ്ഞു. അതേ സമയം ഡി വൈ എഫ് ഐ ഇതിനോടകം 20 വീടുകളുടെ നിർമാണം പൂർത്തിയാക്കി ദുരിതബാധിതർക്ക് കൈമാറിയതായും പ്രതിനിധികൾ പറഞ്ഞു. പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും ഇതിനായി ലഭിക്കുന്ന സ്പോൺസർഷിപ്പ് തുകയും കൂടി ചേർത്ത് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്.
വീട് നിർമാണത്തിനായി ഒരു മണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം പിരിച്ചെടുക്കണമെന്നും അത്തരത്തിൽ പണം പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കൻമാർ പറഞ്ഞിരുന്നത്രേ. മിക്ക കമ്മറ്റികളും പണം പിരിച്ചു നൽകിയിട്ടും വീടുപണി മാത്രം തുടങ്ങിയില്ല.
രാഹുൽ മാങ്കൂട്ടത്തിലാണ് യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ. 88 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയതായും കെ പി സി സിയുമായി ചേർന്ന് വീടുനിർമാണം തുടങ്ങുമെന്നും രാഹുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.