കുട്ടികളെ ജീവശാസ്ത്രം പഠിപ്പിക്കുന്നതിനായി ക്ലാസിൽ മൃഗത്തിൻ്റെ തലച്ചോറ് കൊണ്ടു വന്ന അധ്യാപകൻ സസ്പെൻഷനിലായി. തെലങ്കാനയിലെ വിഹാരബാദ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പശുവിൻ്റെ തലച്ചോറാണ് താൻ കൊണ്ടു വന്നിരിക്കുന്നതെന്ന് അധ്യാപകൻ ക്ലാസിൽ പറഞ്ഞതായി വിദ്യാർത്ഥികൾ അറിയിച്ചു. ഇക്കാര്യം തങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസ് പറയുന്നു.
തങ്ങളുടെ മതവികാരം വ്രണപ്പെട്ടതായി കാണിച്ച് എ ബി വി പി ഉൾപ്പെടെയുള്ള വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിലാണ്. വിദ്യാർത്ഥികൾ പറഞ്ഞതനുസരിച്ച് സ്കൂളിലെ പ്രധാനാധ്യാപകനാണ് പൊലിസിൽ പരാതി നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും അടുത്ത നടപടിയെന്നും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.