കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാർക്ക് മാലിന്യമിടാൻ ഇനി മുതൽ വേസ്റ്റ് ബിൻ ലഭ്യമാക്കും. പ്ലാസ്റ്റിക് കുപ്പി, കവറുകൾ തുടങ്ങിയവയെല്ലാം ഈ ബിന്നിലിടാം. വണ്ടിയുടെ സർവീസ് അവസാനിക്കുന്ന ഡിപ്പോയിൽ ആകും മാലിന്യം എടുത്തുനീക്കുക. മാലിന്യം വലിച്ചെറിയരുത് എന്ന് ബസ്സിൽ എഴുതിവയ്ക്കുകയും ചെയ്യും. വേസ്റ്റ് ബിൻ ബസിൽ സ്ഥാപിച്ചുതുടങ്ങി.
ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വിവിധ ഡിപ്പോകളിൽനിന്ന് 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി. കെ എസ് ആർ ടി സി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി സി സി ടി വി കാമറകളും സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക് ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഏഴ് ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരികയാണ്.