ഡോ : ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ പടിയിറങ്ങും

At Malayalam
2 Min Read

ഡി ജി പിയും സംസ്ഥാന പൊലീസ് മേധാവിയുമായ ഡോ : ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ (ജൂണ്‍ 30) സര്‍വീസില്‍ നിന്നു വിരമിക്കും. 2023 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ 10 നു ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനിച്ചത്. ഹൈദരാബാദ് എസ് വി അഗ്രികള്‍ച്ചര്‍ കോളജില്‍ നിന്ന് എം എസ് സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി എച്ച് ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം ബി എയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

1991 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അടിസ്ഥാന പരിശീലനം നേടിയ അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നിന്ന് ക്രിമിനോളജിയില്‍ മെഡലും നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. 

കേരള കേഡറില്‍ എ എസ് പിയായി നെടുമങ്ങാടു നിന്ന് സര്‍വ്വീസ് തുടങ്ങിയ അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
ഡി ഐ ജി റാങ്കില്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.

- Advertisement -

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സെക്യൂരിറ്റി വിഭാഗം, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

എ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ  മേഖലകളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ പട്രോള്‍, സൈബര്‍ ഡോം എന്നിങ്ങനെ പല മേഖലകളിലായിരുന്ന സംസ്ഥാന പൊലീസിലെ സൈബര്‍ യൂണിറ്റുകളെ 2024 തുടക്കത്തില്‍ സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചു ഒരു കുടക്കീഴിലാക്കിയതും മയക്കുമരുന്നിന് എതിരെയുള്ള സംസ്ഥാന പൊലീസിന്‍റെ ഏറ്റവും ഫലപ്രദമായ ഓപ്പറേഷന്‍ ഡി ഹണ്ടിന് തുടക്കം കുറിച്ചതും പൊലീസ് സേനയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത വര്‍ധിപ്പിക്കാനായി ഘടനാപരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയതുമുള്‍പ്പെടെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വലുതാണ്.

വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്.
Share This Article
Leave a comment