കൈക്കൂലി @ ഗൂഗിൾ പേ : വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത പി കെ യെ , കർഷകന് പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ഗൂഗിള്‍ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുനതിനായി തൻ്റെ വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യമായിരുന്നു. ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീതയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ച് വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ തിരക്കായതിനാല്‍ അടുത്ത ദിവസം വിളിക്കാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ചപ്പോള്‍ വാട്ട്‌സ് ആപ് നമ്പര്‍ നല്‍കിയ ശേഷം വസ്തുവിന്റെ വിവരം വാട്ട്‌സ് ആപ്പില്‍ അയക്കാന്‍ പറയുകയും ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്ട്‌സ് ആപ് വഴി അറിയിക്കാമെന്നും പറഞ്ഞു.

പരാതിക്കാരന്‍ വസ്തുവിൻ്റെ വിവരം വാട്ട്‌സ് ആപ് വഴി വില്ലേജ് ഓഫീസര്‍ക്ക് അയച്ചു കൊടുത്തപ്പോള്‍ തൻ്റെ ഗൂഗിള്‍ പേ നമ്പര്‍ പ്രീത തിരിച്ച് അയച്ചു കൊടുത്ത ശേഷം അതില്‍ ആയിരം രൂപ ഇടാൻ ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാൻ പരാതിക്കാരന്‍ തയ്യാറായില്ല. തുടർന്ന് ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കുകയും ചെയ്തു.

ഇന്ന് ( ജൂൺ 28 ) ഉച്ചക്ക് പരാതിക്കാരനില്‍ നിന്നും ഗൂഗിള്‍ പേ വഴി ആയിരം രൂപ കൈപ്പറ്റിയ ശേഷം വില്ലേജ് ഓഫീസിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് പ്രീതയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Share This Article
Leave a comment