ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഫയൽ അദാലത്ത്

At Malayalam
1 Min Read

 പൊതുജനങ്ങളുടെ വിവിധ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കി ഭരണനടപടികൾ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള രണ്ടു മാസക്കാലയളവിൽ നടക്കുന്ന അദാലത്തിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു.

2025 മെയ് 31 വരെ കുടിശികയായ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് സർക്കാർ അഭാലത്തിലൂടെ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ വിവിധ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിന് സഹായിക്കുന്ന പദ്ധതികൾ, കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാകുന്ന പദ്ധതികൾ, വിവിധ വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ, നടപ്പ് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ, ചട്ട രൂപീകരണം എന്നിവ സംബന്ധിച്ച ഫയലുകൾക്കാകും അദാലത്തിൽ മുൻഗണന നൽകുക. അതത് വകുപ്പുകളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുൻഗണന പട്ടിക തയാറാക്കും.

അദാലത്തിന്റെ പൊതുവായ മേൽനോട്ട ചുമതല ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനാണ്. അദാലത്തുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ സ്പെഷ്യൽ / അഡീഷണൽ ജോയിന്റ് സെക്രട്ടറിമാർക്ക് ചുമതല നൽകും. കൂടാതെ
മന്ത്രിമാർ ഫയൽ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തുകയും ചെയ്യും. ഫയൽ അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് എല്ലാ മന്ത്രിമാരുടേയും ഓഫീസുകൾ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യും. മന്ത്രിമാരുടെ ഓഫീസിൽ ഇതിനായി ജീവനക്കാർക്ക് പ്രത്യേകം ചുമതല നൽകും.

2025 സെപ്റ്റംബർ 15 നകം തീർപ്പാക്കിയ ഫയലുകളുടെ വിവരം വകുപ്പ് സെക്രട്ടറിമാർ മന്ത്രിമാർക്ക് സമർപ്പിക്കും. എല്ലാ വകുപ്പുകളുടെയും സമാഹൃത കണക്കുകൾ സെപ്റ്റംബർ 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കുകയും ചെയ്യും. ഓരോ വകുപ്പിലും അദാലത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ഐ ടി വകുപ്പിന്റെ സഹായത്തോടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും.

- Advertisement -
Share This Article
Leave a comment