74.35 എന്ന നിലമ്പൂരിലെ പോളിംഗ് ശതമാനത്തിൽ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. താരതമ്യേന മികച്ച പോളിംഗ് നടന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ മുന്നണി നേതാക്കളും സ്ഥാനാർത്ഥികളും പങ്കുവച്ചു. പോളിംഗ് ശതമാനം കൂടിയ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതു മുന്നണി വിജയിച്ചു വന്നതായി എം സ്വരാജ് പറഞ്ഞു. ഭൂരിപക്ഷം പ്രവചിക്കുക എന്നത് തൻ്റെ ശൈലിയല്ലെന്നും എൽ ഡി എഫ് നിലമ്പൂരിൽ വിജയക്കൊടി പറത്തുമെന്നും സ്വരാജ് വാർത്താ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിനും മുസ്‌ലിം ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ തങ്ങൾക്കനുകൂലമായ വോട്ടുകളെല്ലാം ചെയ്യിപ്പിക്കാൻ കഴിഞ്ഞതായി യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും ഷൗക്കത്ത് പറയുന്നു.
മുൻ നിലമ്പൂർ എം എൽ എ കൂടിയായ പി വി അൻവർ പ്രതീക്ഷയുടെ തിളക്കം വോട്ടെടുപ്പിനു ശേഷവും മാധ്യമങ്ങളുമായി പങ്കുവച്ചു. 75,000 വോട്ട് താൻ ഒറ്റയ്ക്ക് നേടുമെന്നാണ് അൻവർ അവകാശപ്പെടുന്നത്. അന്തിമമായ പോളിംഗ് ശതമാനം ഇനിയും പുറത്തു വന്നിട്ടില്ല. ജൂൺ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണുന്നത്.