അടുത്തിടെ കേരള തീരത്ത് ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി.
മെയ് 25 ന് കേരള തീരത്ത് അപകടകരമായ ചരക്കുകൾ വഹിക്കുന്നതിനിടെ മുങ്ങിയ ലൈബീരിയ പതാകയുള്ള എംഎസ്‌സി എൽസ 3 എന്ന കപ്പൽ മുങ്ങിയതിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കുകയായിരുന്നു കോടതി. മുൻ എംപി ടിഎൻ പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ജൂൺ 9 ന് ബേപ്പൂർ തീരത്ത് സിംഗപ്പൂർ പതാകയുള്ള വാൻ ഹായ് 503 കണ്ടെയ്നർ കപ്പലായ തീപിടിച്ചിരുന്നു.
ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ നടപടിയെടുക്കുന്നതിന് നിലവിലുള്ള നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണമെന്നും, അപകടങ്ങൾ സാധാരണ നിലയിലാകാൻ ഇത് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ നഷ്ടം ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും പൊതു ഫണ്ട് ഉപയോഗിച്ച് നഷ്ടപരിഹാരം നൽകരുതെന്നും ഉത്തരവിട്ടു. അപകടങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശനഷ്ടങ്ങൾ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.
ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഇരു സർക്കാരുകളോടും ഹൈക്കോടതി ആവശ്യപ്പെടുകയും ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുമെന്നും കോടതി അറിയിച്ചു. അടുത്തിടെയുണ്ടായ രണ്ട് കപ്പൽ അപകടങ്ങളും കേസിൽ ഉൾപ്പെടുത്തുന്നതിനായി പൊതുതാൽപര്യ ഹർജിയിൽ ഭേദഗതി വരുത്താനും കോടതി ഹർജിക്കാരനോട് നിർദ്ദേശിച്ചു.
