ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ വിവാഹ ബുക്കിങ് 200 കടന്നു

At Malayalam
1 Min Read

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ( മെയ് 11) വിവാഹ ബുക്കിങ് 200 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്.

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെ തന്നെ എത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോടു ചേര്‍ന്നുള്ള റിസപ്ഷന്‍ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും.

- Advertisement -
Share This Article
Leave a comment