പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം മാധ്യമ ചാനലുകളും സമൂഹ മാധ്യമ ഉപയോക്താക്കളും ഒഴിവാക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് നിർദേശം നൽകി.
നിരവധി ചാനലുകളും സമൂഹ മാധ്യമ ഉപയോക്താക്കളും തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇത്തരം നിർദേശം നൽകിയിരിക്കുന്നത്.
ദേശീയ സുരക്ഷാ താല്‍പര്യാർഥം എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വാർത്താ ഏജൻസികളും സമൂഹ മാധ്യമ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ പരമാവധി ഉത്തരവാദിത്തം കാണിയ്ക്കാനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും മന്ത്രാലയം നിർദേശിക്കുന്നു.
പ്രത്യേകിച്ച് തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം, പ്രതിരോധ പ്രവർത്തനങ്ങളുമായോ പ്രസ്ഥാനവുമായോ ബന്ധപ്പെട്ട ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ് എന്നിവ നടത്തരുത്. സെൻസിറ്റീവ് വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ശത്രുക്കളെ സഹായിക്കുകയും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുകയും ചെയ്തേക്കാം.
മുൻകാല സംഭവങ്ങള്‍ ഉത്തരവാദിത്തമുള്ള റിപ്പോർട്ടിങ്ങിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും നിർദേശക സമിതി ചൂണ്ടിക്കാട്ടി. കാർഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചല്‍ തുടങ്ങിയ സംഭവങ്ങളില്‍ അനിയന്ത്രിതമായ മാധ്യമ കവറേജ് ദേശീയ താല്‍പര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, വ്യക്തികള്‍ എന്നിവ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. നിയമപരമായ ബാധ്യതകള്‍ക്ക് പുറമെ, നിലവിലുള്ള പ്രവർത്തനങ്ങളുടെയോ നമ്മുടെ സേനയുടെ സുരക്ഷയുടേയോ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഒരു പൊതു ധാർമിക ഉത്തരവാദിത്തമാണ് – നിർദേശത്തില്‍ പറയുന്നു.
”കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (ഭേദഗതി) നിയമങ്ങള്‍, 2021ലെ ചട്ടം 6 (1) (പി) പാലിക്കണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നേരത്തെ തന്നെ എല്ലാ ടി വി ചാനലുകള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ സേനയുടെ ഏതെങ്കിലും തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ തത്സമയ കവറേജ് ഉള്‍ക്കൊള്ളുന്ന ഒരു പരിപാടിയും കേബിള്‍ സേവനത്തില്‍ സംപ്രേഷണം ചെയ്യരുത്. ഈ നിയമത്തിന്റെ ലംഘനം നടന്നാല്‍ നടപടിയെടുക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യൻ സായുധ സേന പാകിസ്താനിലെ ഒമ്ബത് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതിനെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർധിച്ചതിനെ തുടർന്നാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.