സുധാകരൻ തെറിച്ചു, കസേരയിൽ സണ്ണി. സമവാക്യങ്ങൾ ഒപ്പിച്ചെടുത്ത് കെ പി സി സി

At Malayalam
1 Min Read

കാറ്റിലും കോളിലും പെട്ടുഴന്ന കെ പി സി സി വഞ്ചി ഒടുവിൽ തീരമണഞ്ഞു. അടുത്ത പുകിൽ കണ്ടറിയണം. സഭാചട്ടങ്ങൾ ചിട്ടയോടെ പാലിച്ച് സണ്ണി ജോസഫ് എം എൽ എ പുതിയ നാഥനായി ഇന്ദിരാഭവനിൽ എത്തും. സുധാകരൻ മടങ്ങുമ്പോൾ പ്രബല സമുദായം പിണങ്ങരുതല്ലോ എന്നു കരുതി അടൂർ പ്രകാശിനെ ഡി എഫിൻ്റെ കടിഞ്ഞാൺ ഏൽപ്പിച്ചിട്ടുണ്ട്. പിടിവിട്ട എം എം ഹസൻ വീഴുമ്പോൾ മറ്റൊരു പ്രബലരായ ന്യൂന പക്ഷക്കാർ പിണങ്ങാതിരിക്കാൻ മൂന്നാമത്തെ വർക്കിംഗ് പ്രസിഡൻ്റായി ഷാഫി പറമ്പിലിനെ കൊണ്ടു വന്നു. കൊടിക്കുന്നിലിനെ മാറ്റിയതിൽ നേരത്തേതന്നെ ഉള്ള അമർഷത്തിൽ പിന്നാക്കക്കാരുടെ കണ്ണീരൊപ്പാൻ എ പി അനിൽകുമാറും ഭൂരിപക്ഷത്തിൻ്റെ ആശങ്കയകറ്റാൻ പി സി വിഷ്ണുനാഥും വർക്കിംഗ് പ്രസിഡൻ്റുമാരായി തന്നെ രംഗത്ത് വന്നിട്ടുണ്ട്. വിഷ്ണുവിൻ്റെ അമിത ഭാരമായ എ ഐ സി സി സെക്രട്ടറി എന്നത് മാറ്റി അദ്ദേഹത്തെ കുറച്ച് ഫ്രീയാക്കിയിട്ടുണ്ട്.

ഒന്നുകിൽ എം പി, അല്ലെങ്കിൽ എം എൽ എ പദവി ഉള്ളവർ മാത്രമുള്ള ഒരു പുതിയ കെ പി സി സി സെറ്റപ്പാണിത്. ഇടഞ്ഞു നിന്ന കെ സുധാകരൻ , ഒടുവിൽ സണ്ണിയ്ക്ക് ആശംസ ചൊല്ലി പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പതിവു പോലെ പുതിയ ടീമിനെ പുകഴ്ത്തി രംഗത്തെത്തി. സുധാകരനെ എ ഐ സി സിയിൽ സ്ഥിരം ക്ഷണിതാവായി ഹൈക്കമാൻ്റ് പ്രമോഷനും നൽകിയിട്ടുണ്ട്.

പുതിയ പ്രസിഡൻ്റിൻ്റെ ഫോട്ടോ കണ്ടാൽ മിനിമം പാർട്ടി പ്രവർത്തകരെങ്കിലും തിരിച്ചറിയണമെന്ന പഴയ കാല പ്രസിഡൻ്റ് കെ മുരളീധരൻ്റെ കുത്ത് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചിട്ടുണ്ട്. ഹൈക്കമാൻ്റ് കണ്ടെത്തിയ സമവായ – സമവാക്യം ഫലവത്തായോ അതോ അതിർത്തിയിൽ പൊട്ടുന്നതിനേക്കാൾ വലുത് ഇന്ദിരാഭവനിൽ പൊട്ടുമോ എന്ന് അവിടത്തെ പാരമ്പര്യവാദികളും സുധാകരനിട്ട് കൂടോത്രം പണിഞ്ഞ ടീംസും ആകാംഷയോടെ നോക്കിയിരിക്കുകയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment