മലപ്പുറത്ത് മതവിശ്വാസവും പറഞ്ഞ് അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്തിയ യുവതി പ്രസവാനന്തരം ചോരവാർന്നാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇവരുടെ ഭർത്താവും മത പ്രഭാഷകനുമായ സിറാജുദീനെ പൊലിസ് പെരുമ്പാവൂരിൽ നിന്നും അറസ്റ്റു ചെയ്തു. യുവതിയുടെ മരണം അതിദാരുണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നു മനസിലാക്കേണ്ടത്. പ്രസവാനന്തരം കഠിനമായ രക്തസ്രാവം ഉണ്ടായിട്ടും നോക്കി നിന്നതല്ലാതെ സിറാജുദീൻ ഒന്നും ചെയ്തില്ല. ഇയാളുടെ, തീവ്രമായ മത വിശ്വാസ പ്രചാരണം നടത്തുന്ന യുട്യൂബ് ചാനലിൻ്റെ പ്രവർത്തനങ്ങളും പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
ആലപ്പുഴ സ്വദേശിയായ സിറാജിനെ വിവാഹം കഴിച്ച ശേഷം അസ്മ പുറം ലോകം കണ്ടിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വീടിൻ്റെ ഉൾ മുറിയിലെ നാലു ചുവരുകൾ തന്നെയായിരുന്നു അസ്മക്ക് ആശ്രയം. ഇവർ അഞ്ചാമതും ഗർഭിണിയാണെന്ന് നാട്ടുകാരോ ബന്ധുക്കളോ പോലും മരണശേഷമാണത്രേ അറിയുന്നത്. യു ട്യൂബ് ചാനലിലൂടെ തീവ്രമായ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കലാണ് സിറാജിൻ്റെ ജോലി. വീട്ടിൽ അന്വേഷിച്ചെത്തിയ ആശാവർക്കർമാരോടു പോലും ഇയാൾ അസ്മ ഗർഭിണിയാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു.
സ്വന്തം ഭാര്യയുടെ മൃതദേഹത്തോടുപോലും ഇയാൾക്ക് പ്രതിബദ്ധതയുണ്ടായില്ല. മൃതദേഹം പായിൽ ചുരുട്ടിക്കെട്ടിയാണ് ഇയാൾ പെരുമ്പാവൂരിൽ കൊണ്ടു പോയത്. അവിടെ വച്ച് ഇയാളെ നാട്ടുകാർ ചേർന്ന് തടയുകയും തുടർന്ന് മർദിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പരിക്കുകളോടെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് പൊലിസ് അറസ്റ്റു ചെയ്തതും.
ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ ഇത്തരം കണ്ടൻ്റുകൾ ഉള്ള യു ട്യൂബ് ചാനലുകളും എഫ് ബി പേജുകളും പലരും ഷെയർ ചെയ്തു കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില യു ട്യൂബ് ചാനലുകളിലെ മത പ്രസംഗം കേട്ടാൽ വെള്ളം കുടിക്കുന്ന ആർക്കും ലജ്ജ തോന്നും. ആ രീതിയിലാണ് ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത വിഷയങ്ങൾ വലിയ ആർജ്ജവത്തോടെ ഈ ‘പണ്ഡിതൻമാർ ‘വിളമ്പുന്നത്. കൂട്ടത്തിൽ സയൻസിനെ പുച്ഛിക്കുന്നുമുണ്ട്. വീടുകളിൽ തന്നെ പ്രസവിക്കണമെന്നും ആശുപത്രിയിൽ പോകരുതെന്നും അവിടെ അന്യ മതത്തിൽപ്പെട്ട പുരുഷൻമാർ തങ്ങളുടെ സ്ത്രീകളെ കാണുമെന്നും അതൊഴിവാക്കണമെന്നും ഇത്തരം ‘ ടീമുകൾ ‘ പ്രസംഗിക്കുന്നു. ചില സ്ത്രീകൾ എഫ് ബി യിൽ , താൻ വീട്ടിൽ സുഖമായി പ്രസവിച്ചുവെന്നും വിശ്വാസം കൊണ്ടു മാത്രമാണ് അതെന്നും എഫ് ബി യിൽ പോസ്റ്റിട്ടതും ഇന്നലെ സോഷ്യൽ മീഡിയ ചവിട്ടി കൂട്ടുന്നുണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് മതം പ്രഭാഷണത്തിലൂടെ ‘ ഒളിച്ചു ‘ കടത്തിക്കൊണ്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ഒരാളെ മറ്റൊരു മതത്തെ നിരന്തരം അധിക്ഷേപിച്ചതിൻ്റെ പേരിൽ സർവീസിൽ നിന്നു സസ്പെൻ്റു ചെയ്തത്. ഇത്തരം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാനും കാണാനും ആയിരക്കണക്കിന് ആളുകൾ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
