രാമേശ്വരം ദ്വീപിനും തമിഴ്നാടിനും ഇടയിൽ റെയിൽ ബന്ധം സ്ഥാപിക്കുന്ന പുതിയ പാമ്പൻ കടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരം – താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസും മോദി ഉദ്ഘാടനം ചെയ്തു. പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.
അതിർത്തി നിർണയ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ നിശ്ചയിച്ച ഔദ്യോഗിക കാര്യങ്ങൾ മൂലം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. പാലത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഞായറാഴ്ച മലയോര പട്ടണമായ ഉദഗമണ്ഡലത്തിലായിരുന്നു. നിർദിഷ്ട അതിർത്തി നിർണയ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള തമിഴ്നാട്ടിലെ ജനങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഇല്ലാതാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെടുകയും ചെയ്തു.