കെ എസ് ആർ ടി സി ബസിൽ കയറിയിട്ട് ചില്ലറക്കായി ഇനി തപ്പണ്ട. 60 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ കെ എസ് ആർ ടി സി ബസുകളെല്ലാം ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്കു മാറും. ഗൂഗിൾ പേയും ഫോൺ പേയും മാത്രമല്ല കെഡിറ്റ് – ഡെബിറ്റ് കാർഡുകളും ഇനി മുതൽ വണ്ടിക്കൂലിക്കായി കെ എസ് ആർ ടി സി യിൽ ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 40 ഓളം ഡിപ്പോകളിൽ ഇതിനോടകം പുതിയ ടിക്കറ്റു മെഷീൻ എത്തിയിട്ടുണ്ട്.
തൽക്കാലം വാടകക്കാണ് ടിക്കറ്റ് മെഷീനും അനുബന്ധ സംവിധാനങ്ങളും എടുക്കുന്നത്. ടിക്കറ്റ് മെഷീനു പുറമേ ഓൺലൈൻ സംവിധാനം, ഇൻ്റർനെറ്റ്, സെർവർ, ഡിപ്പോകളിലെ കമ്പ്യൂട്ടറുകൾ, ബസുകളിൽ ആവശ്യമായ ജി പി എസ് സംവിധാനം എന്നിവയെല്ലാം കമ്പനി നൽകണം. ചെലവിനനുസരിച്ച് നോക്കുമ്പോൾ തൽക്കാലം വാടകക്ക് എടുക്കുന്നതാണ് ലാഭകരമെന്ന് കെ എസ് ആർ ടി സി കരുതുന്നു.
ബസിൽ വിതരണം ചെയ്യുന്ന ടിക്കറ്റു വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽ എത്തുന്നതോടൊപ്പം ബസിൽ സീറ്റുകൾ ഒഴിവുണ്ടോ എന്നതടക്കമുള്ള വിവരങ്ങളും ലഭ്യമാകും. അതിനനുസരിച്ച് തിരക്കേറിയ റൂട്ടിൽ ഗതാഗത സംവിധാനം ഏർപ്പെടുത്താനാകും. യാത്രക്കാർക്ക് ബസിൻ്റെ സഞ്ചാരഗതി അറിയാൻ കഴിയും മുൻകൂട്ടി ടിക്കറ്റ് എടുക്കാനും ഈ സംവിധാനത്തിലൂടെ കഴിയുമെന്നതും നേട്ടമാണ്.