*വനം വകുപ്പിൻ്റെ അംബാസിഡർ ആയി ടൊവിനോ.
വനം വകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നടൻ ടോവിനോ തോമസും പങ്കാളിയായി. അദ്ദേഹം വനം വകുപ്പിൻ്റെ വിദഗ്ധ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
പരിശീലനത്തിൻ്റെ ഭാഗമായി മൂർഖനെ സുരക്ഷിതമായി പിടികൂടി ബാഗിലാക്കി ടോവിനോ വനം വകുപ്പിന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുള്ളതായി അധികൃതർ പറയുന്നു. അതിൽ “സർപ്പ” മൊബൈൽ ആപ്ളിക്കേഷൻ മുഖേനയുള്ള പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിച്ചതായാണ് വകുപ്പിൻ്റെ വിലയിരുത്തൽ.
വിഷ പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ അപകടകരമായി കണ്ടെത്തുകയാണെങ്കിൽ സർപ്പ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഏറ്റവും അടുത്തുള്ള റെസ്ക്യൂ വിദഗ്ധനെ ആർക്കും ബന്ധപ്പെടാവുന്നതാണ്. കേരളത്തിൽ ഇപ്രകാരം മൂവായിരത്തിൽ അധികം വിദഗ്ധ പരിശീലനം ലഭിച്ചവരുണ്ട്. വനം വകുപ്പിലെ സാമൂഹ്യ വന വത്കരണ വിഭാഗം മുഖേനയാണ് ഓരോ ജില്ലയിലും പരിശീലനം നൽകി വരുന്നത്.
വനങ്ങളുടെയും, വന്യ ജീവികളുടെയും പ്രധാന്യം മനസ്സിലാക്കുവാനും വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച ടോവിനോ വനം വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളിലും പങ്കാളിയാകുകയും വകുപ്പിന്റെ അംബാസിഡർ ആകുകയും ചെയ്യും.
കേരളത്തിലെ വിവിധ വനപ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുകയും വിവിധ വനം – പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുമെന്ന് ടൊവിനോ തോമസും പറഞ്ഞു.