കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനത്തിൽ ദേവസ്വം ബോർഡ് അന്വേഷണം

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ കടയ്ക്കൽ ദേവീക്ഷേത്രത്തിൽ തിരുവാതിര ഉസവത്തോടനുബന്ധിച്ച് സ്റ്റേജിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും സ്റ്റേജിൽ പ്രദർശിപ്പിച്ചിരുന്ന എൽ ഇ ഡി വോളിൽ സി പി എം ൻ്റേയും ഡി വൈ എഫ് ഐയുടേയും പതാകകൾ പ്രദർശിപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തും. ദേവസ്വത്തിനു രാഷ്ട്രീയമില്ലെന്നും വിഷയത്തിൽ കോടതിയിൽ നേരത്തേ തന്നെ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 19 ന് ദേവസ്വം ബോർഡ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയുന്നു.

സംഭവത്തിനെതിരെ ബി ജെ പിയും കോൺഗ്രസും വിമർശനുമായി എത്തിയിരുന്നു. അലോഷിയുടെ സംഗീത പരിപാടി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയത് കടയ്ക്കലിലെ വ്യാപാരി വ്യവസായികളാണ്. പരിപാടിയിൽ തങ്ങൾ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും ഗായകൻ ഏതൊക്കെ ഗാനങ്ങൾ പാടണമെന്ന് നിഷ്ക്കർഷിക്കുന്നത് കലാകാരനെ അവഹേളിക്കുന്നതിനു തുല്യമാണന്നും ക്ഷേത്രഭാരവാഹികൾ പ്രതികരിച്ചു. ഏറെ പ്രശസ്തവും ജനകീയവുമായ ഗാനങ്ങളാണ് അലോഷി അവിടെ പാടിയത്. ഉത്സവത്തിനെത്തിയ വൻ ജനക്കൂട്ടം ആവേശത്തോടെ കയ്യടിച്ചാണ് ഗാനങ്ങൾ ആസ്വദിച്ചതെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

Share This Article
Leave a comment