തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ 16 വയസുകാരന് ക്രൂരമർദനം ഏറ്റതായി പൊലിസിൽ പരാതി. വിതുര തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് ഒരു പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്നാരോപിച്ച് വിദ്യാർത്ഥിക്ക് സമപ്രായക്കാരുടെ മർദനമേറ്റത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാൽ മർദനമേറ്റ വിദ്യാർത്ഥി വിവരം പുറത്തു പറഞ്ഞിരുന്നില്ല. പുറത്തു പറയരുതെന്ന് മർദിച്ചവർ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർത്ഥി പറയുന്നു.
കഴിഞ്ഞ ദിവസം മർദനമേറ്റ കുട്ടിയുടെ അമ്മയുടെ മൊബയിൽ ഫോണിൽ മർദനത്തിൻ്റെ ദൃശ്യങ്ങൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആര്യനാട് പൊലിസിൽ പരാതി നൽകുകയായിരുന്നു. പൊലിസെത്തി പ്രതികളായ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തൽക്കാലം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും കൗൺസലിംഗിന് എത്താൻ നിർദേശിക്കുകയും ചെയ്തിരിക്കുകയാണ്.
