കോഴിക്കോട് താമരശ്ശേരിയിൽ അടിയേറ്റു മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് അതി ക്രൂരമായ രീതിയിലാണ് മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട്. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു പോയിരുന്നു, നെഞ്ചിനേറ്റ കഠിനമായ മർദ്ദനത്തിൽ അന്തരിക രക്ത സ്രാവവും ഉണ്ടായിട്ടുണ്ട്. കൂടാതെ ചെവിയുടെ പിന്നിലും കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കട്ടിയേറിയ എന്തോ ആയുധം കൊണ്ടാണ് ഷഹബാസിന് അടിയേറ്റതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. പരിചയ സമ്പന്നരായ കരാട്ടെ വിദഗ്ധർ ഉപയോഗിക്കുന്ന നഞ്ചക്ക് എന്ന ആയുധം കൊണ്ടാണ് വിദ്യാർത്ഥിയുടെ തലയ്ക്കടിച്ചതെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സംഘം ചേർന്നുണ്ടായ സംഘർഷത്തിൽ മുതിർന്നവർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൂടി പൊലിസ് അന്വേഷിക്കുന്നുണ്ട്. കുറ്റവാളികളായ എല്ലാവരേയും പിടി കൂടുമെന്ന് പൊലിസ് അറിയിച്ചു.
