കടല്‍ മണല്‍ ഖനനം ; മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത് മാസപ്പടി മൂലം

At Malayalam
1 Min Read

കേരളത്തിന്റെ തീരങ്ങളെ വിഴുങ്ങാൻ കേന്ദ്രത്തിന്റെ കടൽ മണൽ ഖനന പദ്ധതി പൂർണ സജ്ജമായിട്ടും മുഖ്യമന്ത്രി പിണറായി സർക്കാർ കയ്യുംകെട്ടിയിരിക്കുന്നത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് വാങ്ങിയ കോടികളും ഇപ്പോഴും തുടരുന്ന മാസപ്പടിയുമാണോ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു സംശയിക്കുന്നു.

2023ലെ പുതിയ നിയമഭേദഗതി പ്രകാരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള തീരക്കടൽ വരെ ഖനനം നടത്താനുള്ള അധികാരം കേന്ദ്രം കയ്യടക്കി. സ്വകാര്യമേഖലയ്ക്കു ഖനനത്തിൽ പങ്കെടുക്കുകയും കരിമണൽ ശേഖരിക്കുകയും ചെയ്യാം. കരിമണൽ ലോബി കാത്തിരുന്നതും ഇതിനാണ്. ടെണ്ടർ നടപടികൾ ഈ മാസം 27ന് പൂർത്തിയാക്കി 28ന് കരാറുറപ്പിക്കും. മത്സ്യസമ്പത്ത് ഏറെയുള്ള കൊല്ലം ജില്ലയിലെ പരപ്പിലാണ് ആദ്യം ഖനനം നടത്താൻ പോകുന്നത്. തുടർന്ന് പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ മേഖലകളിൽ കടൽമണൽ ഖനനം നടത്തും. കേരളത്തിന്റെ മത്സ്യസമ്പത്തും തീരെദേശവും കേരള മിനറൽസ് ആൻഡ് മെറ്റൽസുമൊക്കെ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.

വ്യവസായ സെക്രട്ടറിയുടെ ഒരു കത്തുമാത്രം കേന്ദ്രത്തിന് അയച്ച് കൈയും കെട്ടിയിരിക്കുന്നു. കേരള നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി മുഖംതിരിച്ചു. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത് ടങ്‌സ്റ്റണിൽ ഖനനത്തിനു നല്കിയ അനുമതി തമിഴ്‌നാട് സർക്കാർ ശക്തമായി ഇടപെട്ട് റദ്ദാക്കി. ബിജെപി- സിപിഎം അവിശുദ്ധ ബന്ധം നിലനില്ക്കുന്നതിനാൽ പിണറായി സർക്കാരിന് ഇതിനൊന്നും കഴിയില്ല.

സുനാമി തകർത്തെറിഞ്ഞ കൊല്ലം ആലപ്പുഴ ജില്ലകളിലൊക്കെയാണ് ആദ്യം ഖനനം നടക്കാൻ പോകുന്നത്. അന്നു സുനാമിക്ക് തുടക്കമിട്ടത് ഇന്തൊനേഷ്യയിലായിരുന്നു. അനിയന്ത്രിതമായ ഖനനമാണ് സുനാമിക്കു വഴിയൊരുക്കിയതെന്ന് ശാസ്ത്രലോകം കണ്ടെത്തി. തുടർന്ന് ഇന്തോനേഷ്യ കടൽ മണൽ ഖനനം നിരോധിച്ചു. കടൽ മണൽ ഖനനത്തിനെതിരേ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുമ്പോഴാണ് ഇന്ത്യ വിനാശകരമായ അതേ വഴിയിൽ സഞ്ചരിക്കുന്നതും സംസ്ഥാന സർക്കാർ നിശബ്ദത പാലിക്കുന്നതും.

- Advertisement -

കടൽ മണൽ ഖനനത്തിനെതിരേ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു കഴിഞ്ഞു. കൊല്ലം ഡിസിസിയയും മത്സ്യത്തൊഴിലാളി കോൺഗ്രസും രാപ്പകൽ സമരം നടത്തി. കേരളത്തിൽ കടൽമണൽ ഖനനം നടത്താൻ കോൺഗ്രസ് അനുവദിക്കില്ല. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സുധാകരൻ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment