ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല ; ലിസ്റ്റിന്‍ സ്റ്റീഫന്‍

At Malayalam
1 Min Read

നിര്‍മാതാക്കളുടെ സംഘടനയില്‍ ജി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായനിലപാട് പങ്കുവെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്നും എമ്പുരാന്‍ സിനിമയുടെ ബജറ്റ് സംബന്ധിച്ച് സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് നയിച്ചതെന്നും, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യം പരസ്യചര്‍ച്ചയ്ക്ക് വെക്കേണ്ടിയിരുന്നില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ട്രഷററായ ലിസ്റ്റിന്‍ സ്റ്റീഫന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

‘പ്രസ്മീറ്റില്‍ ജി സുരേഷ് കുമാറും സിയാദ് കോക്കറും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ ഇടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായത്. ഈ അസോസിയേഷന് എന്നേക്കാള്‍ പ്രിയപ്പെട്ട വ്യക്തികളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും. അവര്‍ തമ്മില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചിരുന്നെങ്കില്‍ തീരുമായിരുന്ന ഒരു കാര്യം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞുപോയി. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നു. അതൊക്കെ എത്ര ആവശ്യമുണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.

അസോസിയേഷനിലെ ഒരു അംഗം നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് വൈസ് പ്രസിഡന്റ് പറഞ്ഞു എന്നുള്ളതാണ് ആ വാര്‍ത്താസമ്മേളനത്തിന് ശേഷം വലിയ പ്രശ്‌നമായതും അതാണ് ആന്റണിച്ചേട്ടന്‍ ഫേസ്ബുക്ക് പോസ്റ്റിടാന്‍ കാരണമായതും. തിയേറ്ററുകാരുടെ മുന്‍പില്‍ സിനിമ എത്തുന്നതിന് മുന്‍പ് പല ഘട്ടങ്ങളിലൂടെയുള്ള സിനിമയുടെ ബിസിനസ് നടക്കേണ്ടതുണ്ട്. അതിനിടയില്‍ സിനിമയുടെ ബജറ്റടക്കമുള്ളത് വെളിപ്പെടുത്തുന്നത് നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കും. അത് ആന്റണി ചേട്ടന്‍ രേഖപ്പെടുത്തിയതാണ്. അത്രയാണ് നടന്നിട്ടുള്ളത്.

പൊതുവെ സിനിമാവാര്‍ത്തകള്‍ക്ക് ആ അമിത വാര്‍ത്താപ്രാധാന്യം ലഭിക്കുന്നതുകൊണ്ട് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായി. ഇത് സംഘടനയിലും പ്രശ്‌നങ്ങളുണ്ടാക്കി. അതുകൊണ്ടാണ് ഞാന്‍ ഈ വാര്‍ത്താസമ്മേളനം വിളിച്ചത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളില്ല. സംഘടനയുടെ ഏത് തീരുമാനത്തിനൊപ്പവും, അത് ഇനി സമരമാണെങ്കിലും അതിനൊപ്പം മുന്നില്‍ നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ആരെയെങ്കിലും വ്യക്തിപരമായി നോവിക്കാനോ ഇന്‍ഡസ്ട്രിയെ മോശമാക്കാനോ വേണ്ടി പറഞ്ഞതല്ല. സുരേഷ് കുമാറിനോടും ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ സംസാരിച്ചിരുന്നു,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment