തരൂര്‍ വിശ്വ പൗരന്‍, ഞാന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍

At Malayalam
1 Min Read

കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തന്നെ പോലുള്ള സാധാരണ പ്രവർത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാർട്ടി പ്രവർത്തകരാണ്. അദ്ദേഹം ദേശീയ വർക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തിൽ ഞങ്ങളെ പോലെയുള്ള സാധാരണക്കാർ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കും. തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്റെ അഭിപ്രായമല്ല. കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു കാരണവശാലും എൽഡിഎഫിന്റെ ഒരു നയങ്ങളെയും അംഗീകരിക്കാനാകില്ല. സർക്കാരിനെതിരെ ശക്തമായ സമരവുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ടുപോകും. കേരളത്തിൽ ജനവിരുദ്ധ സർക്കാരിനെ പുറത്താക്കാനാണ് പ്രവർത്തിക്കുന്നത്’ – മുരളീധരൻ പറഞ്ഞു.

‘കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാം. ആരുടെയും സർട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവർ അവരുടെ അനുഭവങ്ങൾ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത്. സർക്കാരിനെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക. തരൂരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള ചുമതല തന്നെപ്പോലുള്ള സാധാരണ പ്രവർത്തകർക്കില്ല. പാർട്ടിയുടെ ഏത് അഭിപ്രായം ശിരസ്സാവഹിക്കാനും പാർട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവേ എനിക്കുള്ളു. അതുകൊണ്ട് അദ്ദേഹത്തെ പറ്റി ഒന്നു പറയാനില്ല’ – മുരളീധരൻ പറഞ്ഞു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment