പകുതിവില തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന്

At Malayalam
1 Min Read

പാതിവിലയ്ക്ക് വാഹനങ്ങളും മറ്റും നൽകാമെന്ന് മോഹിപ്പിച്ച് കോടികൾ തട്ടിയ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. 34 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നാലെ സംസ്ഥാനവ്യാപകമായി രജിസ്റ്റർ ചെയ്ത കേസുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നൽകും.

ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകൾ ചേർന്നാണ് അന്വേഷണം. എല്ലാ ജില്ലകളിലും പ്രത്യേകം അന്വേഷണസംഘങ്ങൾ രൂപീകരിക്കും. എറണാകുളം-11, ഇടുക്കി-11, ആലപ്പുഴ-8, കോട്ടയം-3, കണ്ണൂർ-1 എന്നിങ്ങനെയാണ് നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

തട്ടിപ്പിൽ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷൻ നേതാക്കളെക്കൂടാതെ പ്രമുഖ ബിജെപി, കോൺഗ്രസ്‌ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്‌. പരാതികളുമായി സ്‌റ്റേഷനുകളിൽ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുകയാണ്‌. ഇരുചക്ര വാഹനം, ലാപ്‌ടോപ്പ്‌, തയ്യൽ മെഷീൻ, ഗൃഹോപകരണം എന്നിവ പാതിവിലയ്‌ക്ക്‌ നൽകാമെന്ന്‌ വാഗ്‌ദാനംനൽകി പറ്റിച്ചുവെന്നാണ്‌ പരാതി.

എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ സംസ്ഥാനത്തെ നിരവധി സർക്കാരിതര സംഘടനകളുടെ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്‌. തിരുവനന്തപുരത്തെ കെ എൻ ആനന്ദകുമാർ ചെയർമാനും അറസ്‌റ്റിലായ അനന്തുകൃഷ്‌ണൻ കൺവീനറുമായുള്ളതാണ്‌ കമ്മിറ്റി. അതത്‌ പ്രദേശത്തെ സന്നദ്ധ സംഘടനകളെയോ ചാരിറ്റബിൾ സൊസൈറ്റികളെയോ കോൺഫെഡറേഷന്റെ ഭാഗമാക്കിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

- Advertisement -

Share This Article
Leave a comment