ഏകദിന ലോകകപ്പിലെ റെക്കോർഡ് റൺചേസ് പിറന്ന മത്സരത്തിൽ ശ്രീലങ്കയെ ആറുവിക്കറ്റിന് തോൽപിച്ച് പാക്കിസ്ഥാൻ. 345 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും അബ്ദുല്ല ഷഫീക്കിന്റെയും സെഞ്ചുറിക്കരുത്തിലാണ് വിജയിച്ചത്. 10 പന്ത് ശേഷിക്കെ പാക്കിസ്ഥാൻ ജയമുറപ്പിച്ചു.
റിസ്വാൻ 131 റൺസുമായി പുറത്താകാതെ നിന്നു. ഷഫീഖ് 113 റൺസെടുത്തു. ലങ്കയ്ക്കായി കുസാൽ മെൻഡിസും സദീര സമരവിക്രമയും സെഞ്ചുറി നേടി. 65 പന്തിൽ നിന്നാണ് മെൻഡിസിന്റെ സെഞ്ചുറി നേട്ടം. 82 പന്തിൽ നിന്നാണ് സമരവിക്രമ സെഞ്ചുറി നേടിയത്. പാക്കിസ്ഥാനായി ഹസൻ അലി നാലുവിക്കറ്റ് വീഴ്ത്തി.
