കുംഭമേള ദുരന്തത്തില്‍ ചര്‍ച്ചയില്ല

At Malayalam
1 Min Read

യുപി പ്രയാഗ്‌രാജിലെ കുംഭമേള ദുരന്തത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട്‌ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ഇരുസഭകളും ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ടു. നോട്ടീസുകൾ സഭാധ്യക്ഷൻമാർ തള്ളി. ലോക്‌സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ ചർച്ച ആവശ്യപ്പെട്ട്‌ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ സഭാനടപടികളുമായി സ്‌പീക്കർ ഓം ബിർള മുന്നോട്ടുപോയി.

ചോദ്യോത്തരവേള അവസാനിക്കും വരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ശൂന്യവേളയിൽ ഏത്‌ വിഷയവും ഉയർത്താൻ അംഗങ്ങൾക്ക്‌ അവകാശമുണ്ടെന്ന് സ്‌പീക്കർ പറഞ്ഞു. വിഷയത്തിൽ അടിയന്തര ചർച്ച അനുവദിക്കാനാവില്ലെന്നും കുംഭമേള സംഭവത്തെ കുറിച്ച്‌ എന്തെങ്കിലും ഉന്നയിക്കാനുണ്ടെങ്കിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ആകാമെന്നും ബിർള നിലപാടെടുത്തു.

യുപി സർക്കാരിന്റെ പിടിപ്പുകേടാണ്‌ ദുരന്തത്തിന്‌ വഴിവച്ചതെന്നും ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറാകണമെന്നും രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയിൽ നിന്ന്‌ ഇറങ്ങിപ്പോയി.

കുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ച ആയിരങ്ങൾക്ക്‌ ആദരാഞ്‌ജലി അർപ്പിക്കുന്നതായി രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ്‌ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞതോടെ ബിജെപി എംപിമാർ പ്രതിഷേധവുമായി രംഗത്തുവന്നു.

- Advertisement -

പ്രസ്‌താവന തിരുത്തണമെന്ന്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ ആവശ്യപ്പെട്ടു. തന്റെ അനുമാനമാണ്‌ പറഞ്ഞതെന്നും ശരിയായ കണക്ക്‌ പുറത്തുവിടാൻ സർക്കാർ തയ്യാറായാൽ താൻ തിരുത്താമെന്നും ഖാർഗെ പറഞ്ഞു. കുംഭമേള ദുരന്തത്തിന്‌ പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്‌ അന്വേഷണത്തിൽ തെളിഞ്ഞുവരുന്നതെന്ന്‌ ലോക്‌സഭയിൽ ബിജെപിയുടെ രവിശങ്കർ പ്രസാദ്‌ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment