സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തിൽ തീരുമാനം റെഗുലേറ്ററി കമ്മീഷൻ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോൾ വില നിശ്ചയിക്കുന്നത് അവരാണ്. ഇറക്കുമതി കൽക്കരി ഉപയോഗിച്ചുവേണം വൈദ്യുതോൽപ്പാദനം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണ് വൈദ്യുതിവില 17 പൈസ ഉയരാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.
മഴ പെയ്താൽ വൈദ്യുതിനിരക്ക് കൂട്ടേണ്ടി വരില്ലെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മഴ കിട്ടാതായതോടെ വൈദ്യുതി ലഭ്യത ആകെ പ്രതിസന്ധിയിലായ സ്ഥിതിയാണിപ്പോൾ. വൈദ്യുതി ക്ഷാമം നേരിടാൻ ദിവസവും 20 കോടി രൂപ അധികമായി ചെലവിടുകയാണ് കെഎസ്ഇബി.
