ഒരു കാലത്ത് ചോളി കേ പീചേ ക്യാഹേ എന്ന ഗാനം ഉണ്ടാക്കിയ ഓളം ചെറുതല്ല. ഭാഷാ ദേശങ്ങൾക്കതീതമായി ബമ്പർ ഹിറ്റായി മാറിയ അതേ ഗാനം കഴിഞ്ഞ ദിവസം ഡെൽഹിയിലെ ഒരു ചെറുപ്പക്കാരന് തീരാ കണ്ണുനീരായി മാറി ; അതും നവവരനായി വേഷമിട്ട് കല്യാണ പന്തലിൽ എത്തിയ യുവാവിനാണ് സംഭവിച്ചത് എന്നു കൂടി അറിയുമ്പോഴാണ് കാര്യ ഗൗരവം കൂടുന്നത്.
വിവാഹ മണ്ഡപത്തിലേക്ക് വരനെ കൂട്ടുകാർ ഘോഷയാത്രയായിട്ട് ആനയിച്ചു കൊണ്ടുപോയത്. ആഘോഷത്തിനു മാറ്റു കൂട്ടാൻ പഴയ ആ മെഗാഹിറ്റ് നമ്പറായ ‘ചോളി കേ പീചേ ക്യാഹേ’ കൂടി ഇട്ടുകൊടുത്തു. കൂട്ടുകാർ ആനന്ദ നൃത്തം വച്ച് സുഹൃത്തിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. തങ്ങളുടെ കൂടെ പാട്ടിനൊപ്പം നൃത്തം ചെയ്യാൻ അവർ അയാളെ ക്ഷണിച്ചു. ഇന്ന് ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെയാണ് താൻ നൃത്തം ചെയ്യുക. അയാൾ കൂട്ടുകാർക്കൊപ്പം ഗാനത്തിനൊപ്പം മെല്ലെ ചുവടു വച്ചു.
ഒരലർച്ച കേട്ടാണ് കല്യാണ മണ്ഡപത്തിൽ ഇരുന്നവർ ഞെട്ടിയത്. വധുവിൻ്റെ അച്ഛൻ അതീവ ദേഷ്യത്തോടെ വരനു നേരേ അലറി കൊണ്ടു പാഞ്ഞെത്തി. ഇത്തരത്തിലൊരു ഗാനത്തിന് ആഭാസകരമായ ചുവടു വച്ചവന് തൻ്റെ മകളെ തരില്ലെന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. സന്തോഷം നിറഞ്ഞു നിന്ന വിവാഹ വേദി പൊടുന്നനെ നിശബ്ദമായി. വധുവിൻ്റെ പിതാവിൻ്റെ കോപമടക്കാൻ പലരും ശ്രമിച്ചിട്ടും അയാൾ അടങ്ങിയില്ല. ഇത്തരം ആഭാസങ്ങൾ തൻ്റെ കുടുംബ മഹിമക്കു ചേർന്നതല്ലെന്നും തൻ്റെ കുടുംബത്തെ വരൻ അവമാനിച്ചെന്നും അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.
സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ഒരു തമാശക്കു നൃത്തം ചെയ്തതാണെന്ന് വരൻ വധുവിൻ്റെ പിതാവിനോട് പറഞ്ഞു നോക്കിയെങ്കിലും തെല്ലും വിട്ടുവീഴ്ചക്ക് അയാൾ തയാറായിരുന്നില്ല. ഒടുവിൽ നിരാശയോടെ, അതിലേറെ വേദനയോടെ കണ്ണീരൊഴുക്കി നിൽക്കുന്ന നവവധുവിനെ നോക്കാതെ വരനും ബന്‌ധുക്കളും വിവാഹ വേദി വിട്ടിറങ്ങി പോയതായാണ് ഡെൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
